സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷംകൂടി നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. അസാധാരണമായ സാഹചര്യങ്ങളില്‍ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രധാനമായ കേസുകളുടെ അന്വേഷണം നടക്കുകയാണെങ്കില്‍ കാലാവധി നീട്ടാമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം നീട്ടിയ കാലാവധി അവസാനിക്കുന്ന നവംബര്‍ 2-ന് ശേഷം വീണ്ടും കാലാവധി നീട്ടരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2018 നവംബര്‍ 19-ന് ആണ് ഇഡി ഡയറക്ടറായി സഞ്ജയ് കുമാര്‍ മിശ്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷമായിരുന്നു നിയമന കാലാവധി. 2020 മേയില്‍ മിശ്ര സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതായിരുന്നെങ്കിലും നിയമന ഉത്തരവിലെ രണ്ട് വര്‍ഷത്തെ കാലാവധി കാരണം സര്‍വീസില്‍ തുടരുകയാണ് ഉണ്ടായത്. ഇതിനിടെ 2020 നവംബറില്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. 2018-ലെ നിയമന ഉത്തരവില്‍ സേവന കാലാവധി രണ്ട് വര്‍ഷം എന്നത് മൂന്ന് വര്‍ഷമായി ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതിനെ ചോദ്യംചെയ്താണ് കോമണ്‍ കോസ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ബാഹ്യ ഇടപെടലുകള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതിരിക്കാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആക്ടില്‍ രണ്ട് വര്‍ഷത്തെ കാലാവധി നിഷ്‌കര്‍ഷിച്ചിരിക്കുന്നതെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിസ്സമ്മതിച്ചു.
കേരളത്തിലെ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള സുപ്രധാനമായ കേസുകളുടെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് എസ്‌കെ മിശ്രയാണ്.
Content Highlights: Supreme Court upheld the extension of the term of the ED Director


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..