ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുളള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ അവസരം നല്‍കണമെന്ന് സുപ്രീം കോടതി. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി പെണ്‍കുട്ടികളുടെ പ്രവേശനം അടുത്ത വര്‍ഷത്തേക്ക് നീട്ടണമെന്നുള്ള കേന്ദ്രത്തിന്റെ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

'നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കി. ഇപ്പോള്‍ ആ പ്രതീക്ഷകള്‍ ഇല്ലാതാക്കാനാവില്ല', സുപ്രീം കോടതി പറഞ്ഞു. നവംബര്‍ 14 ന് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

ചരിത്രത്തില്‍ ആദ്യമായി എന്‍.ഡി.എയില്‍ പ്രവേശനം നേടാനെത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പരീക്ഷ ഈ വര്‍ഷം തന്നെ നടത്താന്‍ കഴിയില്ലെന്നും പ്രവേശനം അടുത്ത വര്‍ഷത്തേക്ക് നീട്ടണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. കായികക്ഷമതാപരിശീലനത്തിലും സര്‍വീസ് വിഷയങ്ങളിലും എന്തെങ്കിലും ഇളവുവരുത്തുന്നത് സൈന്യത്തിന്റെ യുദ്ധശേഷിയെ ബാധിക്കും. അതിനാല്‍ വനിതകള്‍ക്കുവേണ്ടിയും അതെല്ലാം തയ്യാറാക്കണം. വനിതകള്‍ക്ക് പ്രത്യേക താമസസൗകര്യം, സ്വകാര്യത സംരക്ഷിക്കുന്ന ശൗചാലയങ്ങള്‍ എന്നിവയും ആവശ്യമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഏത് പ്രത്യേക സാഹചര്യങ്ങളും അടിയന്തര സാഹചര്യവും നേരിടാന്‍ കരുത്തുള്ളവരാണ് സൈന്യമെന്നും അവര്‍ ഇക്കാര്യവും കൈകാര്യം ചെയ്തുകൊള്ളുമെന്നും ജസ്റ്റിസ് എസ്.കെ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 

എന്‍.ഡി.എയുടെ പ്രവേശന മാനദണ്ഡങ്ങള്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നവയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശന പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുങ്ങിയത്. 

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെന്നുകാട്ടി അഡ്വ. കുശ് കാല്‍റ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് എന്‍.ഡി.എ.യിലും നേവല്‍ അക്കാദമി പരീക്ഷയിലും നിലവില്‍ അവസരമുള്ളത്. 15-18 വയസ്സ് പ്രായമുള്ളവര്‍ക്കാണ് പരീക്ഷയെഴുതാന്‍ അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 19 മുതല്‍ 22 വയസ്സിനിടെ അവര്‍ക്ക് സ്ഥിരം കമ്മിഷന്‍പദവി ലഭിക്കും.

താത്പര്യവും യോഗ്യതയുമുണ്ടായിട്ടും സ്ത്രീകളെ വിലക്കുന്നതാണ് ഹര്‍ജിയില്‍ ചോദ്യംചെയ്തത്. സൈന്യത്തില്‍ സ്ത്രീകള്‍ക്ക് സ്ഥിരംകമ്മിഷന്‍ പദവി അനുവദിക്കാന്‍ കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധിച്ചിരുന്നു.

Content Highlights: Supreme Court Turns Down Centre's NDA Plan