ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിന് വ്യോമസേനാ ഉന്നതോദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സാങ്കേതികവശങ്ങള്‍ വിശദീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. റാഫാല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.

ഹര്‍ജിക്കാരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. മുഴുവന്‍ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. തുടര്‍ന്ന് സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു. തുടര്‍ന്നാണ് എയര്‍ഫോഴ്‌സ് ഉന്നതോദ്യോഗസ്ഥന്‍ തന്നെ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്ന് വാദം അവസാനിക്കുന്നതിനു മുന്‍പായി വ്യോമസേനാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

എത്രയും വേഗത്തില്‍ത്തന്നെ ഉദ്യോഗസ്ഥനെ ഹാജരാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. മുഴുവന്‍ സാങ്കേതിക ക്രമങ്ങളും പാലിച്ചുകൊണ്ടാണ് റഫേല്‍ ഇടപാട് നടന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. 

യുദ്ധവിമാനങ്ങളുടെ വിലയും മറ്റു സാങ്കേതിക വിശദാംശങ്ങളും കോടതിയെ അറിയിക്കാന്‍ കഴിയില്ല. റഫേല്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഇതുവരെ പാര്‍ലമെന്റില്‍ പോലും വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങളുടെ നിര്‍മാണച്ചെലവുകള്‍ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. വിവരങ്ങള്‍ പുറത്തുപോയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

Content Highlights: Supreme Court, IAF officer, Rafale case, Indian Air Force