ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ക്വാറി ഉടമകളുടെ ഹര്‍ജികള്‍ വിശദമായ വാദം കേള്‍ക്കലിന് സുപ്രീം കോടതി മാറ്റി. ജൂണ്‍ 29-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 

പരിസ്ഥിതിലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറപൊട്ടിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സ്വമേധയാ എടുത്ത കേസില്‍ ദേശിയ  ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹരിത ട്രിബ്യൂണല്‍ വീണ്ടും  പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഹരിത ട്രിബ്യൂണലിലെ നടപടികള്‍ മരവിപ്പിക്കണമെന്ന് സ്വകാര്യ ക്വാറികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹ്തഗിയും വി.ഗിരിയും അഭിഭാഷകനായ എം.ആര്‍. അഭിലാഷും വാദിച്ചു. 

കേസുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ എടുക്കുന്ന ഏതൊരു നടപടിയും തങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തരവിന് വിധേയമായിരിക്കുമെന്ന്  സുപ്രീം കോടതി  വ്യക്തമാക്കി. എതിര്‍ സത്യവാങ്മൂലവും മറുപടിയും ഉണ്ടെങ്കില്‍ ജൂണ്‍ 29-ന് മുമ്പ് ഫയല്‍ ചെയ്യാന്‍ കേസിലെ കക്ഷികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 

നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന്  സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന് എതിരായ ഹര്‍ജികളിലെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ  മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയും സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശിയും കോടതിയില്‍ വ്യക്തമാക്കി.

content highlights: supreme court to hear pleas against green tribunal order