ന്യൂഡല്‍ഹി: ലഖിംപുര്‍ കൂട്ടക്കുരുതിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

ആരോപണ വിധേയന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായതിനാല്‍ കേസ് ഉത്തര്‍പ്രദേശ്‌ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഈ കത്തിന്റെകൂടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം കോടതി പരിഗണിക്കും. ഇതിനായി സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാനും സാധ്യതയുണ്ട്.

Content Highlights: Supreme Court to hear Lakhimpur Kheri violence case tomorrow