ന്യൂഡല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് പട്യാല ഹൗസ് കോടതിക്ക് പുറത്തുവച്ച് മര്‍ദ്ദനമെറ്റുവെന്നത് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. വലത് കാല്‍വിരലിലും ഇടത് കാല്‍പാദത്തിലും മൂക്കിലും മുറിവുകളും ചതവുകളും ഉണ്ടെന്ന് റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത കനയ്യയെ രണ്ട് ദിവസം മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.