ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളും, കാപ്പന്റെ ജാമ്യ ഹര്‍ജിയും നാളെ സുപ്രീംകോടതി പരിഗണിക്കും 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

പ്രതീകാത്മക ചിത്രം | ഫോട്ടോ:PTI

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ആദ്യ പ്രവര്‍ത്തി ദിവസം സുപ്രീം കോടതി സുപ്രധാനമായ ഹര്‍ജികള്‍ പരിഗണിക്കും. കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയും സുപ്രീംകോടതി നാളെ പരിഗണിക്കും.

നിരോധനം ശരിവച്ചത് മാര്‍ച്ചില്‍. അപ്പീല്‍ പരിഗണിക്കുന്നത് ആറ് മാസങ്ങള്‍ക്ക് ശേഷംവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചത് മാര്‍ച്ച് പതിനഞ്ചിന് ആയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ തൊട്ടടുത്ത ദിവസം തന്നെ ചില വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളാണ് സുപ്രീംകോടതി നാളെ പരിഗണിക്കുന്നത്. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് മാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ടുള്ള വിധിയില്‍ കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയത്. സ്‌കൂള്‍ യൂണിഫോമില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നും ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ നിരോധനം ക്രൂരമായ നാസി പ്രത്യശാസ്ത്രത്തിന്റെ തനിയാവര്‍ത്തനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും അഭിഭാഷകന്‍ പി എസ് സുല്‍ഫിക്കര്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമസ്ത ആരോപിച്ചിരുന്നു.

സിദ്ദിഖ് കാപ്പന്റെ ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ്. നേരത്തെ കാപ്പന്റെ ജാമ്യ അപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ പഹാല്‍ തള്ളിയിരുന്നു. സിദ്ദിഖ് കാപ്പനും കൂട്ടാളികളും കളങ്കിത പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഹാത്രസില്‍ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പടിവിച്ച ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ, രാജ്യത്തിന് എതിരെ പ്രവര്‍ത്തിച്ചതായോ പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പന് വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായേക്കും.

Content Highlights: Supreme Court To Hear Hijab Ban Case, bail plea of journalist Siddique Kappan On August 29


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented