ന്യൂഡല്‍ഹി:  കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികള്‍ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റലി കെട്ടിവച്ച തുക വിതരണം ചെയ്യാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം 10 കോടി രൂപ ഇറ്റലി കൈമാറിയതായി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ തുക സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവ് ഇറക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇറ്റലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സൊഹൈല്‍ ദത്തയും ഇതേ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചു.

എന്നാല്‍ ഇറ്റലി കൈമാറിയ നഷ്ടപരിഹാരത്തുകയുടെ വിതരണം എങ്ങനെ ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആരാഞ്ഞു. 10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ഥിരം നിക്ഷേപത്തിന്റെ പലിശ ഇരകള്‍ക്ക് പിന്‍വലിക്കാം. പിന്നീട് മുഴുവന്‍ തുകയും ഇരകള്‍ക്ക് ലഭ്യമാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാര വിതരണം ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച ഇറക്കുന്ന ഉത്തരവില്‍ ഇത് സംബന്ധിച്ച് വ്യക്തത കോടതി വരുത്തും.

നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി നഷ്ടപരിഹാരമായി ഇറ്റലി സര്‍ക്കാര്‍ കൈമാറിയത്. രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നത്. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാതായി കേരളം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും. 

കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.എന്‍. ബാലഗോപാല്‍, സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശുമാണ് ഹാജര്‍ ആയത്. വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്ക് വേണ്ടി അഭിഭാഷകരായ സി. ഉണ്ണികൃഷ്ണന്‍, എ. കാര്‍ത്തിക് എന്നിവരും ഹാജരായി.