ന്യൂഡല്‍ഹി: ആധാറിന്റെ നിയമ സാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാവും സുപ്രധാന കേസില്‍ വിധി പറയുക.

ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ  മറ്റംഗങ്ങള്‍.

വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ആധാര്‍ ലംഘിക്കുവെന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. പ്രതിപക്ഷ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ മണി ബില്ലായാണ് ആധാര്‍ നിയമം അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായാണ് കേസില്‍ ഒടുവില്‍ വാദം കേട്ടത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കല്‍ കൂടിയായിരുന്നു ഇത്.

 

Content Highlights: Aadhaar Mandatory, Supreme Court's Constitution Bench to Decide on 26th September