ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല്‍ ചെയ്ത സ്യൂട്ട് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് സ്യൂട്ട് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച ചേംബര്‍ സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് നാളെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

2020 ജനുവരി 13-നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2013-ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിര്‍കക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന സുപ്രീം കോടതി രജിസ്ട്രി ജനുവരി 29-ന് സമന്‍സ് കൈമാറിയിരുന്നു. ആറു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ വക്കാലത്ത് ഇട്ടില്ല. തുടര്‍ന്ന് ചേംബര്‍ സമന്‍സ് കൈമാറാന്‍ രജിസ്ട്രി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കേന്ദ്ര നിയമമന്ത്രാലയത്തിന് ചേംബര്‍ സമന്‍സ് നിയമ മന്ത്രാലയത്തിന് കൈമാറി. സമന്‍സ് നിയമ ന്ത്രാലയം കൈപ്പറ്റി എന്ന് വ്യക്തമാക്കുന്ന രേഖ ഓഗസ്റ്റ് 25-ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിച്ചു. ചേംബര്‍ സമന്‍സ് ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ വക്കാലത്തും, സ്യൂട്ടിലെ മറുപടിയും ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് ഫയല്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം. നിയമം റദ്ദാക്കണം. പാസ്‌പോര്‍ട്ട് നിയമത്തിലെ 2015ലെ ചട്ടങ്ങളും, വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016-ലെ ചട്ടങ്ങളും ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് റദ്ദാക്കണം എന്നിവയാണ് സ്യൂട്ടിലെ പ്രധാന ആവശ്യങ്ങള്‍.

content highlights: supreme court to consider suit filed by kerala against caa