ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായതിനിടെ രാജ്യത്തുടനീളം മെഡിക്കൽ ഓക്സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്താൻ 12 അംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഓക്സിജൻ വിതരണം സമിതി ഉറപ്പുവരുത്തും.

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും 12 അംഗ സമിതി നൽകും. രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമർപ്പിക്കും.

ക്യാമ്പിനറ്റ് സെക്രട്ടറിയാണ് 12 അംഗ സമിതിയുടെ കൺവീനർ. രണ്ട് അംഗങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നാണ്. പശ്ചിമ ബംഗാൾ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എംഡിയും ചെയർപേഴ്സണുമായ ഡോ നരേഷ് ട്രെഹാൻ തുടങ്ങിയവരാണ് ദേശീയ ദൗത്യസംഘത്തിലെ അംഗങ്ങൾ.

സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിഹിതം നിശ്ചയിക്കുമ്പോൾ വീടുകളിൽ ചികിത്സയിലുള്ളവർ, കോവിഡ് കെയർ സെന്റർ, ആംബുലൻസ് എന്നിവിടങ്ങളിൽ ആവശ്യമായ ഓക്സിജൻ പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സിജൻ വിതരണം വിലയിരുത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാൻ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങളിയ ബെഞ്ച് ഉത്തരവിട്ടത്.

content highlights:Supreme Court Task Force To Look Into Oxygen Distribution Amid Covid