ന്യൂഡൽഹി: സംവരണം 50 ശതമാനം കടക്കരുത് എന്ന ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന ആവശ്യം സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി. അതെ സമയം സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്ന ഭരണഘടനാ ഭേദഗതി ഭൂരിപക്ഷ വിധിയിലൂടെ ഭരണഘടനാ ബഞ്ച് ശരിവെച്ചു.

സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ സംവരണം 50 ശതമാനം കടക്കരുത് എന്നാണ് ഇന്ദിര സാഹ്നി കേസിൽ ഒമ്പത് അംഗ ബെഞ്ച് വിധിച്ചിട്ടുള്ളത്. മറാഠ സംവരണം അസാധാരണമായ സാഹചര്യത്തിൽ ഉണ്ടായത് അല്ല. അതിനാൽ തന്നെ മറാഠകൾക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16% വീതം സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ദം ആണെന്ന് കോടതി വ്യക്തമാക്കി. 

നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചവർക്ക് അത് നഷ്ടമാകില്ല. എന്നാൽ ഇനി പുതുതായി പ്രവേശനം നൽകരുത് എന്നും കോടതി നിർദേശിച്ചു. 

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കിയ 102 ാം ഭരണഘടന ഭേദഗതി ഭരണഘടനാപരം ആണെന്ന് ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങൾ വിധിച്ചു. 102ാം ഭരണഘടന ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്ക് എതിരല്ല. സാമൂഹികവും വിദ്യാഭ്യാസപരവും ആയ പിന്നാക്ക അവസ്ഥ കണ്ടെത്തേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിനായി രൂപീകൃതമായ ദേശിയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിച്ചതും കോടതി ശരിവച്ചു

Content Highlights: Supreme Court strikes down Maratha reservation, Indra Sawhney case