സുപ്രീം കോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് എതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസിനെ വിലക്കി സുപ്രീം കോടതി. യുപിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതല്‍ നടപടികള്‍ക്ക് വിലക്ക്. ജാമ്യം അനുവദിക്കണമെന്ന സുബൈറിന്റെ ആവശ്യത്തില്‍ മറ്റന്നാള്‍ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈറിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്ന് സുപ്രീം കോടതി. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയാണ്. ഈ ദുഷിച്ച പ്രവണത തുടരുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രയപെട്ടു.
ലഖിംപുര്‍ ഖേരി, മുസാഫര്‍ നഗര്‍, ഗാസിയാബാദ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ എഫ്ഐ ആറും ഹത്രാസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ഇടക്കാല പരിരക്ഷ ലഭിച്ചതോടെ ഇതിനോടകം രജിസ്റ്റര്‍ചെയ്ത കേസ്സുകളില്‍ ഇനി അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോലീസിന് കടക്കാന്‍ കഴിയില്ല. സിതാപൂര്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ലഖിംപുര്‍ ഖേരിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റ് രേഖപെടുത്തിയതെന്ന് അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പോലീസ് കസ്റ്റഡി ആവശ്യത്തില്‍ ഹത്രാസ് കോടതി വിധിപറയാനിരിക്കുകയാണെന്നും അതിനാല്‍ സുബൈറിന്റെ ആവശ്യം അംഗീകരിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ യു പി സര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി, ഹര്‍ജിയില്‍ മറ്റന്നാള്‍ വിശദമായ വാദംകേള്‍ക്കുമെന്ന് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..