ന്യൂഡല്‍ഹി: ഗുജറാത്ത് മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തിരഞ്ഞടുപ്പ്  വിജയം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വ്യാജരേഖകള്‍ സമര്‍പ്പിച്ചു, നടപടിക്രമങ്ങള്‍ പാലിച്ചില്ല തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് ഭൂപേന്ദ്ര സിങ്ങിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. കൂടാതെ, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ റാത്തോഡിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച 429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസര്‍ അനധികൃതമായി തള്ളിക്കളഞ്ഞതായി അശ്വിന്‍ റാത്തോഡ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 1,356 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചതെന്നും വോട്ടെണ്ണല്‍ സമയത്ത് ഇതില്‍ 429 എണ്ണം റിട്ടേണിങ് ഓഫീസര്‍ തള്ളിക്കളഞ്ഞതായും ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

ധോല്‍ക മണ്ഡലത്തില്‍ നിന്ന് 327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഭൂപേന്ദ്രസിങ് വിജയിച്ചത്. ബിജെപിയുടെ വിജയ് രൂപാണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, നിയമം, പാര്‍ലമെന്ററി കാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഭൂപേന്ദ്രസിങ്.

Content Highlights: Supreme Court stays Gujarat HC order setting aside minister’s election