ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവ് പുള്ളി ജയിലേക്ക് മടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. തിങ്കളഴ്ച്ച ജയിലിലേക്ക് മടങ്ങേണ്ടിയിരുന്ന തൃശൂര്‍ സ്വദേശി രഞ്ജിത്തിനാണ് സുപ്രീം കോടതിയില്‍ നിന്ന് അനുക്കൂല ഉത്തരവ് ലഭിച്ചത്. അതേസമയം സുപ്രീം കോടതിയില്‍ നിന്നോ, ഹൈക്കോടതിയില്‍ നിന്നോ ഇളവ് ലഭിക്കാത്ത തടവ് പുള്ളികള്‍ക്ക് ജയിലുകളിലേക്ക് മടങ്ങേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ സ്വദേശി രഞ്ജിതാണ് കേരളത്തിലെ കോവിഡ് സാഹചര്യം അടക്കം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന രഞ്ജിത്ത് നിലവില്‍ പരോളിലാണ്. ഈ മാസം 26ന് ജയിലിലേക്ക് മടങ്ങാനായിരുന്നു രഞ്ജിത്തിനോട് നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സര്‍ക്കാരിന്റെ തീരുമാനവും ഫലത്തില്‍ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. 

കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീംകോടതി നീട്ടിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാന്‍ ആവശ്യപ്പെടരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ദീപക് പ്രകാശ് ആരോപിച്ചു. 

രണ്ടാം തരംഗം നേരിടാന്‍ കേരള സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ജയിലിലേക്ക് മടക്കി അയക്കുന്നത് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കോടതിയില്‍ അഭിപ്രായപ്പെട്ടു.

content highlights: supreme court stays government order for inmates to return jail