ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കോണ്‍സല്‍മാരുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആലുവ സ്വദേശി ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഹര്‍ഷദ് വി ഹമീദിന്റെ നിയമനത്തോടെ സുപ്രീം കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സെല്‍മാരുടെ എണ്ണം നാലായി. ജി. പ്രകാശ്, സി. കെ. ശശി, നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് മറ്റ് സ്റ്റാന്റിംഗ് കോണ്‍സല്‍മാര്‍.

2003 മുതല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഹര്‍ഷദ് വി ഹമീദ്. 2013ല്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി. ആലുവ യു സി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ലോ കോളേജില്‍ എസ്എഫ്‌ഐ പാനലില്‍ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 

സിപിഐയുടെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല 

സുപ്രീം കോടതിയില്‍ തങ്ങളുടെ നോമിനിയെ സ്റ്റാന്റിംഗ് കോണ്‍സലായി നിയമിക്കണം എന്ന സിപിഐയുടെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരിന് നാല് സ്റ്റാന്റിംഗ് കോണ്‍സല്‍മാരായിരുന്നു ഉണ്ടായിരുന്നത്. സിപിഎം നോമിനികളായ ജി. പ്രകാശ്, സി. കെ. ശശി, നിഷേ രാജന്‍ ഷൊങ്കര്‍, വിപിന്‍ നായര്‍ എന്നിവരായിരുന്നു സ്റ്റാന്റിംഗ് കോണ്‍സല്‍മാര്‍. ഇതില്‍ വിപിന്‍ നായര്‍ രാജി വച്ച ഒഴിവിലേക്കാണ് ഹര്‍ഷദ് വി ഹമീദിന്റെ നിയമനം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ സിപിഐ യുടെ ആവശ്യം ഇത്തവണയും പരിഗണിക്കപ്പെടാതെ പോയി.

'യോഗ്യനായ വ്യക്തി'യെ ലഭിക്കാത്തതിനാല്‍ നീണ്ടു പോകുന്ന എഎജി നിയമനം 

മറ്റ് സംസ്ഥാനങ്ങളെ പോലെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കണം എന്ന ആവശ്യം പിണറായി സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. എന്നാല്‍ ഈ പദവിയിലേക്ക് അനുയോജ്യരായ വ്യക്തികളെ ലഭിക്കാത്തതിനാലാണ് നിയമനം നീണ്ടു പോകുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്റ്റാന്റിംഗ് കോണ്‍സല്‍മാരായ ജി. പ്രകാശ്, സി. കെ. ശശി, നിഷേ രാജന്‍ ഷൊങ്കര്‍, എന്നിവരുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. ഇതിന് ശേഷം പുതുമുഖങ്ങളെ കൂടി പരിഗണിച്ച് കൊണ്ട് ചില മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്. 

സീനിയര്‍ അഭിഭാഷകരെ കേസ്സുകളില്‍ ഹാജരാകുന്നതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സമീപനം. ഒഴിച്ച് കൂടാനാകാത്ത കേസുകളില്‍ മാത്രം സീനിയര്‍ അഭിഭാഷകരെ ഹാജരാക്കിയാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.  ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, നിയമ മന്ത്രി പി രാജീവ്, അഡ്വക്കേറ്റ് ജനറല്‍, നിയമ, ധനകാര്യ സെക്രട്ടറിമാര്‍ എന്നിവരായിരുന്നു ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നത്