മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ല; മേല്‍നോട്ടസമിതി നിര്‍ദേശിച്ചിരുന്നു


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

മുല്ലപ്പെരിയാർ ഡാം| ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ 2017 ല്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ സുപ്രീം കോടതി ഇത് വരെയും കേരളത്തിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അതേസമയം, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ബേബി അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിച്ചിരുന്നു.

2006-ല്‍ സുപ്രീം കോടതി പുറപ്പടുവിച്ച ഉത്തരവിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. അണക്കെട്ട് 2014 മെയ് ഏഴിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ നിലപാട് ആവര്‍ത്തിച്ചു. അണക്കെട്ട് ശക്തപ്പെടുത്തിയതിന് ശേഷം ജലനിരപ്പ് 152 അടിവരെയായി ഉയര്‍ത്താം എന്ന 2006-ലെ ഉത്തരവിലെ നിലപാടാണ് ഭരണഘടനാ ബെഞ്ചും ആവര്‍ത്തിച്ചത്. 2006 ലെയും 2014 ലെയും വിധികളുടെ അടിസ്ഥാനത്തില്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തടസ്സപ്പെടുത്താന്‍ കേരളത്തിന് സാധിക്കില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം.

അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങള്‍ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 2017 മാര്‍ച്ച് ഒന്നിന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. 2017 മെയ് നാലിന് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിന്റെ ഈ ആവശ്യത്തില്‍ കേരളത്തോട് നിലപാട് ആരാഞ്ഞു.

2017 ജൂലൈയ്ക്ക് ശേഷം ഈ ആവശ്യം പിന്നീട് സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് നല്‍കിയ കേസില്‍ 2020 ഒക്ടോബറില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ മരം മുറി സംബന്ധിച്ച തങ്ങളുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലൈ 8-ന് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു.

ജല വിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. മറുപടി ഇങ്ങനെ: 'അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളില്‍ ഇടപെടുന്നു എന്ന തമിഴ്‌നാടിന്റെ വാദം തെറ്റാണ്. മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് അണക്കെട്ട് ശക്തിപ്പെടുത്തുന്നത് തടസപ്പെടുത്തുന്നതിന്റെ ഭാഗമല്ല. പാട്ടത്തിന് നല്‍കിയ സ്ഥലത്ത് മരം മുറിക്കുന്നതിനുള്ള അനുമതി 1980-ലെ വന സംരക്ഷണ നിയമം, 1972-ലെ വന്യജീവി സംരക്ഷണ നിയമം, 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുമായി ബന്ധപ്പെട്ടതാണ്'.

കേരളത്തിന്റെ ഈ മറുപടിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 2017 ഒക്ടോബര്‍ 30-ന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. എന്നാല്‍ തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതിയില്‍ പിന്നീട് ലിസ്റ്റ് ചെയ്യപ്പെട്ടില്ല. കേരളം പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിന് എതിരെ തമിഴിനാട് 2019-ല്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ കോടതി അലക്ഷ്യ ഹര്‍ജിക്ക് ഒപ്പം 2017 മാര്‍ച്ച് ഒന്നിന് ഫയല്‍ ചെയ്ത അപേക്ഷയും സുപ്രീം കോടതി രജിസ്ട്രി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. 2019 ഫെബ്രുവരി 11-ന് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും മരംമുറി ഉള്‍പ്പടെ തമിഴ്‌നാടിന്റെ മറ്റ് ആവശ്യങ്ങളില്‍ കോടതി ഇടപെട്ടില്ല. 2017-ല്‍ തങ്ങള്‍ നല്‍കിയ അപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണെന്ന് കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു.

മരംമുറിക്ക് അനുമതി നല്‍കാന്‍ മുല്ലപെരിയാര്‍ മേല്‍നോട്ട സമിതി നിര്‍ദേശിച്ചു

മുല്ലപെരിയാര്‍ അണക്കെട്ട് ശക്തമാക്കാന്‍ മരങ്ങള്‍ മുറിക്കണം എന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് 2015-ല്‍ കേന്ദ്ര ജല കമ്മീഷന്‍ യോജിച്ചിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മീഷന്‍ രണ്ട് മാസം മുമ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മേല്‍നോട്ട സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ മിനുട്ട്‌സ് അനുബന്ധമായി സമര്‍പ്പിച്ചിട്ടുണ്ട്. 2020 ജനുവരി 28-ന് ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പതിമൂന്നാമത് യോഗത്തില്‍ മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് കേരളത്തോട് ചെയര്‍മാന്‍ നിര്‍ദേശിച്ചിരുന്നു. വനം വകുപ്പിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്താമെന്നാണ് സമിതി യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധികള്‍ അറിയിച്ചത്. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കേന്ദ്ര ജല കമ്മീഷന്‍ അയച്ച ചില കത്തുകളിലും മരം മുറിക്കുന്നത് സംബന്ധിച്ച വിഷയം പരാമര്‍ശിച്ചിട്ടുണ്ട്.

അതേസമയം, 2021 ഫെബ്രുവരിയില്‍ ചേര്‍ന്ന മേല്‍നോട്ട സമിതി യോഗത്തില്‍ എത്ര മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണം എന്നതിന്റെ മാനദണ്ഡം കണക്കാക്കുന്നതില്‍ സംസ്ഥാന വനം വകുപ്പിന് ആശയകുഴപ്പം ഉണ്ടെന്ന് കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അവ്യക്തത നീക്കാന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താന്‍ മേല്‍നോട്ട സമിതി നിര്‍ദേശിക്കുകയായിരുന്നു.

Content Highlights: Supreme Court, Tree felling in Mullaperiyar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented