ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഏഴംഗ ഭരണഘടന ബെഞ്ച് ഇതു സംബന്ധമായ ഏഴു സുപ്രധാന വിഷയങ്ങള്‍ പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ഈ ഏഴ് കാര്യങ്ങളില്‍ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും തീരുമാനമെടുക്കുന്നത് മാറ്റിവെക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. വിശ്വാസം, മതം, ഭരണഘടന എന്നി കാര്യങ്ങളിലാണ് ഏഴംഗ ബെഞ്ച് തീരുമാനമെടുക്കേണ്ടത്.

ഏഴംഗ ബെഞ്ച് പരിശോധിക്കേണ്ട വിഷയങ്ങള്‍ ഇവയാണ്:

  • മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളും, ലിംഗ സമത്വം ഉറപ്പാക്കുന്ന 14-ാം അനുഛേദവുമായും ബന്ധപ്പെട്ട പരസ്പര പ്രവര്‍ത്തനം എന്തെന്ന് പരിശോധിക്കണം. 
  • ഭരണഘടനയുടെ 25(1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണമെന്ന് പരിശോധിക്കണം.
  • ധാര്‍മികത, ഭരണഘടനാ ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ അതോ മതവിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ അതെന്ന്‌ പരിശോധിക്കണം.
  • ഒരു പ്രത്യേക ആചാരം അനുപേക്ഷണീയമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ, അതോ പുരോഹിതര്‍ക്ക് വിട്ടുനല്‍കണോ?
  • അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ?
  • ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്തെന്ന് പരിഗണിക്കണം.
  • ഏതെങ്കിലും വിശ്വാസികളെ പ്രത്യേക  മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കോടതിക്ക് മുന്നിലെത്തിയ പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ആധാരമായ വിഷയങ്ങളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ വിഷയങ്ങളില്‍ ഏഴംഗ ബെഞ്ച് തീരുമാനമെടുത്തതിന് ശേഷം  മാത്രമേ പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കുകയുള്ളു. അതേസമയം 2018 സെപ്റ്റംബര്‍ 28-ലെ യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാനോ പുനഃപരിശോധിക്കാനോ കോടതി നിലവില്‍ തയ്യാറായില്ല. 

Content Highlights: Supreme Court seven-member bench will check these seven crucial issues