1. മന്ത്രിപുത്രൻ ആശിഷ് മിശ്ര. 2. ലഖിംപുർ ഖേരിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ വാഹനം അഗ്നിക്ക് ഇരയാക്കിയപ്പോൾ. | File Photo: ANI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല.
അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തികച്ചും അപ്രസക്തമായ വസ്തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാര്‍ക്ക് ജാമ്യം എതിര്‍ത്ത് കോടതിയില്‍ വാദം ഉന്നയിക്കാന്‍ നിയമപരമായ അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഇരകള്‍ക്ക് ആവശ്യമായ പരിഗണനകള്‍ നല്‍കുകയും അവരുടെ വാദം കേള്‍ക്കുകയും ചെയ്തശേഷം ആശിഷ് മിശ്രയുടെ ജാമ്യം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിലവില്‍ ഈ ജാമ്യം റദ്ദാക്കുകയാണെന്നും ഒരാഴ്ചക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വീണ്ടും ഹൈക്കോടതിയില്‍ കേസ് എത്തുമ്പോള്‍, മറ്റൊരു ബെഞ്ചിന്കൈമാറാന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ വാക്കാല്‍ പറഞ്ഞു. എന്നാല്‍ അത് ഉത്തരവില്‍ പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിടാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ മറുപടി നല്കി.
ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. അതേസമയം ജാമ്യം അനുവദിക്കുന്നതിനെ നേരത്തെ അലഹബാദ് ഹൈക്കോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
Content Highlights: Supreme Court SETS ASIDE the bail granted to Ashish Mishra in the Lakhimpur Kheri case.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..