സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: 2013 ഏപ്രില്‍ ഒന്നിന് മുമ്പ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചവരുടെ വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം തങ്ങള്‍ക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുന്നവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി കേരള സര്‍വ്വീസ് ചട്ടത്തില്‍ സര്‍ക്കാര്‍ 2013-ല്‍ ഭേദഗതി കൊണ്ടു വന്നിരുന്നു. എന്നാല്‍ ഈ ഭേദഗതി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച സാജു നമ്പാടന്‍, ടി.കെ. മൂസ എന്നിവര്‍ കോടതിയെ സമീപിച്ചത്. തങ്ങളുടെയും വിരമിക്കല്‍ പ്രായം 60 വയസ് ആക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നതിന് പുറമെ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്നാണോ ഹര്‍ജിക്കാരുടെ ആവശ്യമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. രാജീവ് ചൂണ്ടിക്കാട്ടി. സുപ്രീം കോടതി നോട്ടീസ് അയച്ച സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വരും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ കഴിയുമോയെന്ന് പഠിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബുവിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് നേരത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. 2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചവരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരിക. ഇവരുടെ ശമ്പളത്തിന്റെ 10% നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സര്‍ക്കാരും നിക്ഷേപിക്കുന്നു.
content highlights: supreme court serves notice to kerala to know opinion in making retirement age 60
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..