കഴക്കൂട്ടത്തെ ടെക്‌നോപാർക്ക് ക്യാമ്പസ്| File Photo: Mathrubhumi
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി തണ്ണീര്‍ത്തടം നികത്തി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി വിധി പറയാനായി മാറ്റി. നിര്‍മാണ പ്രവര്‍ത്തനം തണ്ണീര്‍ത്തടത്തിലാണ് നടക്കുന്നതെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള 2008-ലെ കേരള നിയമവും 2017-ലെ കേന്ദ്രനിയമവും ലംഘിച്ചുകൊണ്ടാണ് ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി 19.75 ഏക്കര്‍ നികത്താന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ആരോപിച്ച് തോമസ് ലോറന്‍സ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ടെക്നോപാര്‍ക്ക് പണിയുന്നത് പാടം നികത്തിയ ഭൂമിയിലും തരിശുഭൂമിയിലും ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ്ങും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഭൂമിയുടെ സ്വഭാവം പരിശോധിച്ച് തണ്ണീര്‍ത്തടം അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഈ റിപ്പോര്‍ട്ട് ആരും നിയമപരമായി ചോദ്യം ചെയ്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്കിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള ഒരു ചെറിയകുളം ആണ് തണ്ണീര്‍ത്തടം ആണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന്‍ ആരോപിക്കുന്ന പ്രധാന തെളിവെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ചെറിയകുളം പത്ത് ഏക്കര്‍ വിസ്തൃതി ഉള്ളത് ആണെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഏതോ ഒരു മണ്‍സൂണ്‍ കാലത്ത് സ്ഥലം സന്ദര്‍ശിച്ച കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനാണ് പത്ത് ഏക്കര്‍ കുളം എന്ന് മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ ആരോപിച്ചു.
ടെക്നോപാര്‍ക്കില്‍ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പണിത കെട്ടിടങ്ങള്‍ക്ക് ഇടയിലാണ് മൂന്നാം ഘട്ട ത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് ഡ്രാഗണ്‍ സ്റ്റോണ്‍ റീയല്‍ട്ടി (Dragon Stone Reality), വിന്റര്‍ഫെല്‍ റീയല്‍ട്ടി (Winterfell Reality) എന്നീ കമ്പനികള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിനാക്കി മിശ്ര കോടതിയെ അറിയിച്ചു.
വേളി-ആക്കുളം കായലുമായി ബന്ധപ്പെട്ട തണ്ണീര്‍ത്തടം നശിപ്പിക്കുന്നതു തടയണമെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക അനിത ഷേണായ് കോടതിയോട് അഭ്യര്‍ഥിച്ചു. ടെക്നോ പാര്‍ക്കിന് വേണ്ടി അഭിഭാഷകന്‍ സജിത്ത് വാരിയര്‍ ഹാജരായി. ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറുന്ന രേഖകള്‍ക്ക് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം സംസ്ഥാന സര്‍ക്കാരിന് കോടതി അനുവദിച്ചിട്ടുണ്ട്.
content highlights: supreme court reserves judgement on techno park third phase expansion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..