ന്യൂഡല്‍ഹി: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഈ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീ കോടതി ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. സമാന ആവശ്യവുമായി ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എല്ലാ ഹര്‍ജികളും ഒരേ ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഫെയ്‌സ്ബുക്കിന്റെ ഈ ഹര്‍ജി കഴിഞ്ഞമാസം പരിഗണിക്കവേ, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങള്‍ രൂപപ്പെടുത്താന്‍ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
content highlights: supreme court rejects plea seeking linking of social media accounts with aadhaar