ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മെഡിക്കല്‍ ബിരുദാനന്തര ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷ ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും എം.ആര്‍ ഷായും അടങ്ങിയ അവധിക്കാല ബെഞ്ച് തള്ളിയത്. 

രോഗികളെ ചികിത്സിക്കേണ്ടവരാണ് അവര്‍. എങ്ങനെയാണ് പരീക്ഷ പാസ്സാകാത്തവരെ ചികിത്സിക്കാന്‍ അനുവദിക്കുകയെന്നും കോടതി ചോദിച്ചു. വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ മെഡിക്കല്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചു.

ഇതിനിടെ, മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഐഎന്‍ഐസിഇടി പരീക്ഷ മാറ്റിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പരീക്ഷ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരീക്ഷ ജൂലായ് 17ന് ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും കോടതി ഉത്തരവിട്ടു.

മേയ് മാസത്തിലാണ് പരീക്ഷ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ അത് ജൂണ്‍ 16ലേക്ക് മാറ്റിയിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ജൂനിയര്‍ ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്.

Content Highlights: Supreme Court Rejects PG Medical Students' Plea To Waive Final Exams