ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്)സമീപിച്ചു. അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നുപ്രതികളാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്.

അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചുകഴിഞ്ഞതാണെന്ന് കോടതി പറഞ്ഞു. 

സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാ ഹര്‍ജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളിയിരുന്നു. ഇനി എന്തുപ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്. സുപ്രീംകോടതി ചോദിച്ചു.

മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30-നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. 

Content Highlights: Supreme Court rejects Mukesh Singh's Plea