ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിക്കാന്‍ വിസമ്മതിച്ചത്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

ഹരിത ട്രിബ്യുണല്‍ ഉത്തരവ് കാരണം ക്വാറികളുടെ ലീസ് കരാറുകള്‍ പുതുക്കാന്‍ കഴിയുന്നില്ലെന്ന് കേരളത്തിലെ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ക്വാറി വ്യവസായത്തില്‍ ഉള്ളവര്‍ക്കു പോലും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രാ ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാറ നല്‍കുന്നതിന് പ്രയാസം അനുഭവിക്കുന്നതായും ക്വാറി ഉടമകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് 25-ന് പരിഗണിക്കാമെന്നും അതുവരെ ഒന്നും സംഭവിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ദേശീയ ഹരിത  ട്രിബ്യുണല്‍ സ്വമേധയാ കേസെടുക്കാനുള്ള  അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വമേധയാ എടുത്ത കേസിലായിരുന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ടിരുന്നത്. ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, വി. ഗിരി, കൃഷ്ണന്‍ വേണുഗോപാല്‍ അഭിഭാഷകരായ ഇ.എം.എസ് അനാം, എം.ആര്‍. അഭിലാഷ് തുടങ്ങിയവര്‍ ഹാജരായി.

content highlights: supreme court refuses to stay green tribunal order regarding quarries