ന്യുഡല്‍ഹി: ലഖിംപുര്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ചോദ്യവുമായി സുപ്രീം കോടതി. കേസില്‍ ആകെ 23 ദൃക്‌സാക്ഷികള്‍ മാത്രമേയുള്ളോയെന്ന് സുപ്രീംകോടതി ഉത്തർപ്രദേശ് സര്‍ക്കാരിനോട് ആരാഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറി ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. കൂടുതല്‍ സാക്ഷികളെ ശേഖരിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും യുപി സര്‍ക്കാരിനോട് ഉത്തരവിട്ടു.

'കര്‍ഷകരുടെ ഒരു വലിയ റാലിയും 23 ദൃക്സാക്ഷികളും?' ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു. ഏകദേശം 4,000-5,000 പേര്‍ ഉണ്ടാകുല്ലോ എന്ന് ജസ്റ്റിസ് സൂര്യകാന്തും ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ആളുകള്‍ സംഭവസ്ഥലത്ത് ഉണ്ടായിട്ടും ദൃക്‌സാക്ഷികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് വരാനുള്ള കാരണം എന്താണെന്ന് കോടതി ചോദിച്ചു. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ മൊത്തം 68 സാക്ഷികളുണ്ടെന്നും അതില്‍ 30 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും 23 പേര്‍ ദൃക്‌സാക്ഷികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിന് നടന്ന കര്‍ഷകരുടെ പ്രതിഷേധ റാലിക്കിടെ നാല് കര്‍ഷകരെ വണ്ടികയറ്റി കൊലപ്പെടുത്തിയെന്ന കുറ്റമാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിന്നില്‍നിന്നെത്തിയ ഒരു എസ്.യു.വി കര്‍ഷകർക്കുമേല്‍ പാഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. 

Content Highlights: Supreme court questions UP government in Lakhimpur kheri incident