ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.  കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടി ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻ‌സിസിന്റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് നൽകിയ കത്ത് പരിഗണിച്ച് ആണ് കോടതിയുടെ തീരുമാനം. ഇനി ഹർജി മാറ്റി വയ്ക്കാൻ കേസിലെ ഒരു കക്ഷിയും ആവശ്യപ്പെടരുത് എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

എല്ലാ തവണയും കേസ് പരിഗണനയ്ക്ക് എടുക്കുമ്പോൾ ഓരോ കക്ഷികളും മാറ്റിവയ്ക്കാൻ വേണ്ടി ആവശ്യപ്പെടുന്നു എന്ന് വി എം സുധീരന് വേണ്ടി ഹാജരായ സെനൈയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ഇനി അഭിഭാഷകർ ആ ആവശ്യം ഉന്നയിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കിയത്. ഇരുപത്തി ഏഴാമത്തെ തവണ ആണ് ഇന്ന് ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്  കോടതി മാറ്റി വച്ചത്.

സി ബി ഐ യ്ക്ക് വേണ്ടി ഇന്ന് കോടതിയിൽ ഹാജരാകേണ്ടി ഇരുന്നത് സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആയിരുന്നു. ഓൺലൈൻ വാദം കേൾക്കലിൽ തുഷാർ മേത്തയുടെ പേര്‌ ലോഗിൻ ചെയ്തിരുന്നു എങ്കിലും അദ്ദേഹം ലാവലിൻ കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ കോടതിയിൽ ഉണ്ടായിരുന്നില്ല. കസ്തൂരി രംഗ അയ്യർക്ക് വേണ്ടി അഭിഭാഷകൻ രാകേന്ദ് ബസന്ത് ആണ് ഇന്ന് കോടതിയിൽ ഹാജരായത്,

Content Highlights: supreme court postponed hearing of lavlin case