ന്യൂഡൽഹി: പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേകാവകാശം ദുരുപയോഗം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.

കോവിഡ് ബാധിച്ചു മരിക്കുന്ന 60 വയസ്സിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

ഇത്തരത്തിലുള്ള, വാസ്തവമില്ലാത്ത പൊതു താൽപര്യ ഹർജികൾ നിർത്താൻ സമയമായിരിക്കുന്നു. ഇത് പൊതു താൽപര്യ ഹർജിയാണ്, നിങ്ങൾ കറുത്ത കോട്ടിനുള്ളിലാണ്‌ എന്നത് കൊണ്ട് നിങ്ങളുടെ ജീവൻ മറ്റുള്ളവരേക്കാൾ വിലയേറിയതാണ് എന്ന് അർത്ഥമില്ല. സുപ്രീം കോടതി പറഞ്ഞു.

അഭിഭാഷകനായ പ്രദീപ് കുമാർ യാദവാണ് ഇത്തരത്തിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഹർജിക്കാരനെ കോടതി ശാസിക്കുകയും ചെയ്തു. 

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി.വി. നാഗാർത്ഥന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലുള്ള അവാസ്ഥവമായ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യുന്നത് അഭിഭാഷകർ നിർത്തണമെന്ന് വ്യക്തമാക്കിയത്.

Content Highlights: Supreme Court PIL seeking ex-gratia ₹50 lakh for kin of deceased lawyers