ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 2017-18 അധ്യാന വര്‍ഷം മുതലുള്ള ഫീസ് മൂന്ന് മാസത്തിനുള്ളില്‍ പുനഃനിര്‍ണ്ണയിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഫീസ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ അമിതമാകരുതെന്ന് ഉറപ്പ് വരുത്തണമെന്നും ഫീസ് നിര്‍ണ്ണയ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഫീസ് നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റുകളോട് നിര്‍ദേശിക്കാന്‍ സമിതിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് അടിസ്ഥാനത്തിലാകണം വാര്‍ഷിക ഫീസ് നിശ്ചയിക്കേണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് ഇല്ലെങ്കില്‍ മാനേജ്മെന്റുകള്‍ ഹാജരാക്കുന്ന ലാഭനഷ്ട കണക്കുകള്‍ പരിശോധിച്ച് ഫീസ് നിശ്ചയിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവില്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ പിഴവ് പറ്റിയെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിശ്ചയിക്കാനുള്ള സ്വയംഭരണ അധികാരം മാനേജ്മെന്റുകള്‍ക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഫീസ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കുന്നതല്ലെന്ന് ഉറപ്പ് വരുത്താന്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഫീസ് സംബന്ധിച്ച തീരുമാനം അനന്തമായി വൈകുന്നത് മാനേജ്മെന്റുകള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ഗുണം ചെയ്യില്ലെന്നും വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2017 ന് മുമ്പുള്ള വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ഫീസ് സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അതും ഫീസ് നിര്‍ണ്ണയ സമിതിക്ക് പുനഃനിര്‍ണ്ണയിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

content highlights: Supreme Court orders re-determination of self-financing medical fees