ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.എസ്.സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 

ഏറ്റുമുട്ടല്‍ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങള്‍ക്ക് വസ്തുതകള്‍ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

കൊല്ലപ്പെട്ട പ്രതികള്‍ പോലീസില്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയും പോലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. സ്വയം രക്ഷക്ക് വേണ്ടിയാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നും മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മീഷനും നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി. 

ഏറ്റുമുട്ടലില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി.എസ്.മണി, പ്രദീപ് കുമാര്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തെലങ്കാനയില്‍ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഡിസംബര്‍ ആറിനായിരുന്നു സംഭവം.

Content Highlgihts: Supreme court Orders Judicial Enquiry Into Hyderabard Encounter