ന്യൂഡൽഹി: ഭൂപരിഷ്കരണ നിയമ പ്രകാരം സർക്കാരിന് കൈമാറിയ ഭൂമി വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭൂപരിഷ്കരണ നിയമത്തിന്റെ പശ്ചാത്തലത്തിൽ 1972-ൽ മീനച്ചൽ താലൂക്കിലെ കെ.വി. തോമസ് എന്ന വ്യക്തി 590 ഏക്കർ ഭൂമി സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ 23.64 ഏക്കർ ഭൂമി പതിനൊന്ന് വ്യാജ പ്രമാണം ഉണ്ടാക്കി 1997-ൽ കൈമാറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് കേസ്. മീനച്ചൽ താലൂക്കിലെ തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കെ.വി. തോമസും, മൂത്തമകൻ എബ്രഹാം തോമസും മരിച്ചതിനാൽ ഇളയ മകൻ കെ.ടി. തോമസിന് എതിരേയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

1997 ൽ ഭൂമി വിൽക്കാൻ ശ്രമിച്ച രേഖകളിൽ താൻ ഒപ്പിട്ടില്ല എന്നും അതിനാൽ കേസ് റദ്ദാക്കണം എന്നുമുള്ള കെ.ടി. തോമസിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കിയിരുന്നു. ഇതിന് എതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യാൻ ശ്രമിച്ച സാഹചര്യത്തിൽ അന്വേഷണം തുടരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ഹാജരായി.

content highlights: supreme court order to probe land reforms case under erattupetta police station