സുപ്രീംകോടതി, പ്രതീകാത്മക ചിത്രം | Photo: PTI, Photo: Facebook/Adanigroup
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പോലെയുള്ള വിഷയങ്ങളുണ്ടാകുമ്പോള്‍ ഓഹരി വിപണയിലെ ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധസമിതിക്കും സുപ്രീംകോടതി രൂപംനല്‍കി. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ ഈ സമിതിക്ക് നേതൃത്വം നല്‍കും.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതായി സെബി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ അന്വേഷണമാണ് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. അന്വേഷണം സംബന്ധിച്ച പുരോഗതി സുപ്രീംകോടതിയെ അറിയിക്കണം. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സുപ്രീം കോടതി രൂപവത്കരിച്ച വിദഗ്ധസമിതിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
നിലവില്‍ നടത്തുന്ന അന്വേഷണത്തിന് പുറമെ സെക്യൂരിറ്റി കോണ്‍ട്രാക്ടസ് റെഗുലേഷന്‍ ചട്ടത്തിലെ 19 (എ) വകുപ്പിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്താന്‍ സുപ്രീംകോടതി സെബിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ അന്വേഷണം നടത്താനുള്ള സെബിയുടെ അധികാരവും പ്രാപ്തിയും അംഗീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റെഗുലേറ്ററി സംവിധാനത്തനത്തിന്റെ പോരായ്മകളെ സംബന്ധിച്ചും അത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമാണ് ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ അധ്യക്ഷനായ സമിതി തയ്യാറാക്കേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഒ.പി.ഭട്ട്. വിരമിച്ച ജഡ്ജി ജെ.പി. ദേവദത്ത്, നന്ദന്‍ നിലേകനി, സോമശേഖരന്‍ സുന്ദരേശന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സമിതി തങ്ങളുടെ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
Content Highlights: supreme court order on adani hindenburg report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..