Photo: PTI
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികള്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഏതാണ്ട് 5000 ത്തോളം പേരാണ് കേരളത്തില്‍ എത്തുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ ചൂണ്ടിക്കാട്ടി.
ഇവരില്‍ പലരും ജെ.ഇ.ഇ. പരീക്ഷ എഴുതിയ ശേഷം സെപ്റ്റംബര്‍ ആറ് കഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. അത് കൊണ്ട് സെപ്തംബര്‍ 13ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തുനിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000ല്‍ അധികം ആണെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു ചൂണ്ടിക്കാട്ടി. ഇപ്പോഴാണ് കേരളം കോവിഡിന്റെ ആഘാതം നേരിടുന്നത്. അതിനാല്‍ കോടതി ക്വാറന്റീന്‍ ഒഴിവാക്കാന്‍ ഉത്തരവിടില്ലെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
ഗള്‍ഫില്‍ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. അതേസമയം നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു.
content highlights: supreme court on quarantine of students coming from abroad to attend neet exam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..