Photo: Screengrab | Mathrubhumi News
ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറി കേസിലെ പ്രതികളായ വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ ഓ സിന്ധു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ എല്‍ നാഗേശ്വര്‍ റാവു, ബി ആര് ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ വിസ്സമ്മതിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും പ്രതികള്‍ സ്ഥിരം ജാമ്യത്തിനായി കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്നാണ് കെ കെ അജിക്കും, കെ ഓ സിന്ധുവിനും എതിരായ കേസ്. ഇതിലൂടെ എട്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിലപാട്.
മുറിച്ചത് ചന്ദനം അല്ല; സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയായിരുന്നുവെന്ന് സിന്ധുവിന്റെ അഭിഭാഷകന്
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് സിന്ധുവിന് വേണ്ടി ഹാജരായ അഭിഭാഷകന് പി.വി ദിനേശ് വാദിച്ചു. ചന്ദനം മുറിക്കുന്നതിന് അനുമതി നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മുട്ടിലില്‍ മുറിച്ചത് ഈട്ടിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദനം ഒഴികയുള്ള മരങ്ങള്‍ മുറിക്കുന്നതിന് സഹായം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചാല്‍ അച്ചടക്ക നടപടി ഉണ്ടാകുമായിരുന്നു എന്നും ദിനേശ് വാദിച്ചു.
മരം നിന്നിരുന്ന സ്ഥലത്ത് എത്തി സര്‍വ്വേ സ്കെച്ച് തയ്യാറാക്കുക മാത്രമാണ് ചെയ്ത്. മുഖ്യ പ്രതികളുമായി നടത്തി എന്ന് പറയപ്പെടുന്ന നാല്പതിലധികം ഫോണ്‍ കോളുകളില്‍ പലതും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും അദ്ദേഹം വാദിച്ചു.
അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണെമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. കെ കെ അജിക്ക് വേണ്ടി അഭിഭാഷകന് മനോജ് ജോര്‍ജ് ഹാജരായി.
Content Highlights: Supreme court on Muttil Tree felling case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..