Mullaperiyar dam | Photo: Sajan V Nambiar
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി നടക്കുന്ന പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കാന്‍ ഇനി എത്രകാലം കൂടി വേണമെന്ന് കേരളത്തോട് സുപ്രീം കോടതി. പരിസ്ഥിതി ആഘാത പഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരളം കോടതിയെ അറിയിച്ചു. ഇതിനിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. അണകെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ നാളെയും സുപ്രീം കോടതിയില്‍ വാദം തുടരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത വാദിച്ചു. നിലവിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണ്. 2018-ല്‍ കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയങ്ങള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാ വിഷയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ച് പഠനം പുരോഗമിക്കുകയാണെന്ന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
എന്നാല്‍ പഠനം പൂര്‍ത്തിയാകാന്‍ ആവശ്യമായ സമയം എത്രയെന്ന് ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ കേരളത്തോട് ആരാഞ്ഞു. ഒരു സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പരിസ്ഥിതി ആഘാത പഠനം അന്തിമ ഘട്ടത്തത്തിലാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന്റെയും തമിഴ്നാടിന്റെയും സാങ്കേതിക അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റൂള്‍ കെര്‍വ്വ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, അഭിഭാഷകന് ജി. പ്രകാശ് എന്നിവരാണ് ഹാജരായത്. കേരളത്തിന്റെ വാദം നാളെ അവസാനിക്കും. തമിഴ്നാടിന്റെ വാദം അടുത്ത ആഴ്ച്ച നടക്കാനാണ് സാധ്യത. ജസ്റ്റിസ് മാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
Content Highlights: Supreme Court on Mullaperiyar Dam Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..