സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ദാനം ചെയ്യുന്നത് നല്ല കാര്യം ആണെങ്കിലും ലക്ഷ്യം മതപരിവര്‍ത്തനം ആകരുതെന്നും കോടതി നിര്‍ദേശിച്ചു. ഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച ശേഷം വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മതപരിവര്‍ത്തനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളിലുള്ള സംവിധാനങ്ങള്‍ അറിയിക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശം പൗരന്മാര്ക്കുണ്ട്. എന്നാല്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള അധികാരമില്ലെന്നും വ്യക്തമാക്കി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഒന്‍പത് സംസ്ഥാനങ്ങള്‍ ഇതിനകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാണ എന്നീ സംസ്ഥാനങ്ങളാണ് നിയമം കൊണ്ട് വന്നിട്ടുള്ളതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ ശക്തമായ നിയമം പാസ്സാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുക ആണെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇക്കാര്യം ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കാന്‍ ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Content Highlights: supreme court on forced religous conversions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..