സുപ്രീം കോടതി | ഉണ്ണികൃഷ്ണൻ പി.ജി
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാന്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലും ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ നിര്‍ദേശിച്ചത്. ഭരണ പരിഷ്കാരങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്കാരം കൊണ്ടുവരുന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഐ എച്ച് സയ്ദ്, അഭിഭാഷകരായ പീയൂഷ് കോട്ടം, ആബിദ് അലി ബീരാന് എന്നിവര്‍ വാദിച്ചു. 1992 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. അതുപോലെ പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ഇടക്കാല ഉത്തരവില്‍ വിവാദമായ തീരുമാനങ്ങള്‍ സ്റ്റേ ചെയ്തെങ്കിലും അന്തിമ ഉത്തരവില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് ഹര്ജിക്കാരന് സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: Supreme Court on Dropping Meat From Lakshadweep Midday Meal Menu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..