ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. ഡല്‍ഹിയിലും പരിസര പ്രദേശത്തുമുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും കോടതി പറഞ്ഞു. 

വായുമലിനീകരണം കുറയ്ക്കുന്ന വിഷയത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാനങ്ങളുടെയും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുടെയും അടിയന്തരയോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് യോഗത്തില്‍ പങ്കെടുക്കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. 

വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം പ്രതിസന്ധിയാണെന്നും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു പകരം അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി ഡല്‍ഹി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. 

content highlights: supreme court on delhi air pollution