സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി പുതിയ സമിതി രൂപീകരിച്ചു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്. ദാവെയുടെ നേതൃത്വത്തിലാണ് പുതിയ സമിതി. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി, ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഭാസ്കര്‍ ഗാംഗുലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഫെഡറേഷന്റെ ഭരണ ചുമതല ഉടന്‍ ഏറ്റെടുക്കാന്‍ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഫെഡറേഷന്റെ ഭരണഘടന പുതുക്കല്‍, പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ എന്നീ ചുമതലകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് അനില്‍ ആര്.ദാവെ അധ്യക്ഷനായ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഭരണഘടനയും വോട്ടര്‍ പട്ടികയും തയ്യാറായാല്‍ ഉടന്‍ അഖിലിന്ത്യ ഫുട്ബോള്‍ ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും സുപ്രീം കോടതി അറിയിച്ചു.
2009-ലാണ് അഖിലിന്ത്യ ഫുട്ബോള്‍ ഫെഡറേഷനിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലാണ് അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ഫെഡറേഷന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴും തുടരുന്ന ഈ ഭരണസമിതി ഇനി മുതല്‍ ഉപദേശക സമിതി ആയിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനില്‍ ആര്.ദാവെ അധ്യക്ഷനായ സമിതിക്ക് എല്ലാ സഹായവും നല്കാന് കോടതി ഉപദേശക സമിതിയോട് നിര്‍ദേശിച്ചു.
സ്പോര്‍ട്സ് കോഡ് പ്രകാരം പരമാവധി പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ഫെഡറേഷന് അധ്യക്ഷനായി ഇരിക്കാന്‍ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ സമിതി രൂപീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..