ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും 10 സംസ്ഥാനങ്ങളോടും സുപ്രീം കോടതി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചത്.

ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് തടയുന്നതിനായി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും 62 പേരടങ്ങുന്ന മറ്റൊരു സംഘവും കത്തെഴുതി. ഇതിനിടയിലാണ് ആള്‍ക്കൂട്ട ആക്രമണ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖര്‍ ചേര്‍ന്ന്ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തയച്ചത്. എതിരഭിപ്രായമില്ലാതെ ജനാധിപത്യമില്ലെന്നു ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണാ സെന്‍, കൊങ്കണാ സെന്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങി 49 പേരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. 'ജയ് ശ്രീറാം' എന്നത് ഇപ്പോള്‍ യുദ്ധപ്രഖ്യാപനമായി മാറിയെന്നു കത്തില്‍ പറയുന്നു.

രാഷ്ട്രീയപ്രേരിതമായാണ് ഇത്തരമൊരു കത്തെഴുതിയതെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് ലക്ഷ്യമെന്നുമാരോപിച്ചാണ് വെള്ളിയാഴ്ച 62 പേര്‍ ഒപ്പിട്ട മറ്റൊരു കത്ത് പുറത്തുവന്നത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോൡുഡ് നടി കങ്കണ റണൗട്ട്, സംവിധായകരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്നഹോത്രി, നര്‍ത്തകിയും രാജ്യസഭാ എംപിയുമായ സോണാല്‍ മാന്‍സിങ് എന്നിവരടക്കമുള്ളവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 

മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായ 49 പേര്‍ അവരുടെ പക്ഷപാതപരമായ താല്‍പര്യങ്ങളും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

Content Highlights: Supreme Court notice, Central government, mob lynching, Prime minister, Modi