
സുപ്രീം കോടതി | ഫോട്ടോ: സാബു സ്കറിയ | മാതൃഭൂമി
ന്യൂഡല്‍ഹി: പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് സുപ്രീം കോടതി ഡിജിറ്റല്‍ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം. വാട്സാപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്ശന് ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഉത്തരവാദിത്തപെട്ട മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിലവില്‍ തന്നെ കോടതികളുടെ ഉത്തരവുകളും നിയമങ്ങളും ഉണ്ട്. പ്രിന്റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഇതിനിടെ, സിവില്‍ സര്‍വ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നല്‍കിയത് എന്ന് സുദര്ശന് ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സകാത്ത് ഫൗണ്ടേഷന് ഫണ്ട് നല്കിയവരില് ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദര്ശന് ടി വി എക്സിക്യുട്ടീവ് എഡിറ്റര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. സുദര്ശന് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ബിന്ദാസ് ബോല്‍' എന്ന ഷോ പ്രാഥമിക പരിശോധനയില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന് വിലയിരുത്തികൊണ്ട് സംപ്രേഷണം താത്കാലികമായി സുപ്രീം കോടതി വിലക്കിയിരുന്നു.
മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് ആരെയും പറയാന്‍ അനുവദിക്കാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്ന് ജസ്റ്റിസ് മാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ വ്യക്തമാക്കിയിരുന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസില്‍ എത്തുന്നത് ഗൂഢാലോചന ആണെന്ന വാദം അടിസ്ഥാനരഹിതമാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് എന്തും പറയാം എന്ന് കരുതരുത് എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് പൗരന്മാര്ക്കുള്ള സ്വാതന്ത്ര്യം മാത്രമെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ളു. അമേരിക്കയിലേത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെ ഇല്ലെന്നും ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചിരുന്നു.
Content Highlight: Supreme Court must regulate digital media: Central Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..