മുഖ്യമന്ത്രി പിണറായി വിജയൻ, സുപ്രീംകോടതി |ഫോട്ടോ:മാതൃഭൂമി,PTI
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയന് ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടണമെങ്കില്‍ സി ബി ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് സുപ്രീം കോടതി. കേസിന്റെ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി ബി ഐ യ്ക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 16 ലേക്ക് മാറ്റി.
എസ് എന്‍ സി ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ചിന് നേതൃത്വം നല്കിയ യു യു ലളിത് ശക്തമായ വസ്തുതകള്‍ നിരത്താന്‍ സി ബി ഐ യോട് നിര്‍ദേശിച്ചത്.
കേസില്‍ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
ശക്തമായ വസ്തുതകള്‍ കുറിപ്പായി എഴുതി നല്‍കാം എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതിന് സമയം ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഒരാഴ്ചത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്.
പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വെ ആണ് ഇന്ന് കോടതിയില്‍ ഹാജര്‍ ആയത്. സി ബി ഐ വാദങ്ങള്‍ക്ക് മറുപടി നല്‍കാം എന്ന് സാല്‍വെ വ്യക്തമാക്കി. ഹര്‍ജികളില്‍ അടിയന്തിരമായി തീരുമാനം വേണമെന്ന സി ബി ഐ യുടെ ആവശ്യം പരിഗണിച്ച് ആണ് അടുത്ത വെള്ളിയാഴ്ച്ച തന്നെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. വിശദമായി വാദം കേള്‍ക്കേണ്ടതിനാല്‍ വെള്ളിയാഴ്ച പരിഗണിക്കുന്ന അവസാനത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജി പ്രകാശാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. കസ്തുരി രംഗ അയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ആര് ബസന്ത്, ആര് ശിവദാസന്‍ വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, കെ ജി രാജശേഖരന് വേണ്ടി അഭിഭാഷകന് രാകേന്ദ് ബസന്ത് എന്നിവരും, വി എം സുധീരന് വേണ്ടി സീനിയര്‍ അഭിഭാഷകന് ദേവദത്ത് കാമത്തും, അഭിഭാഷകന് എം ആര് രമേശ് ബാബുവും ആണ് ഹാജരയത്.
Content Highlights: lavalin case-cm pinarayi vijayan-supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..