ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കും കര്‍ഷക പ്രതിഷേധങ്ങള്‍ക്കും എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നിലപാട് കടുപ്പിച്ചു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു. കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും.

കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം 

കാര്‍ഷിക നിയമങ്ങള്‍ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാല്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കിസാന്‍ മോര്‍ച്ച 

തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്തകിസാന്‍ മോര്‍ച്ചയുടെ നിലപാട് ഇതാണ്. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കുന്നു. നിലപാട് ഇന്ന് അഭിഭാഷകര്‍ മുഖേന സുപ്രീം കോടതിയെ അറിയിക്കുമെന്നും മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. സമരം റാം ലീല മൈതാനത്തിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

സമരാവകാശം രാജ്യത്തിന് മാനക്കേട് ഉണ്ടാക്കാനുള്ള അവകാശമല്ലെന്ന് ഡല്‍ഹി പോലീസ് 

റിപ്പബ്ലിക് ദിന പരേഡ് തടയാനുള്ള കര്‍ഷക സംഘടനകളുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന രാജ് പഥിലെ ട്രാക്ടര്‍ റാലി നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും അത് പൊതുക്രമവും ക്രമസമാധാനവും പാലിച്ചായിരിക്കണമെന്നും ഡല്‍ഹി പോലീസിന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി നിലപാട് നിര്‍ണ്ണായകം 

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി ചേരുന്നത്. ചീഫ് ജസ്റ്റിസ് കോടതിയിലെ 19-ാമത്തെ കേസായാണ് കാര്‍ഷിക നിയമങ്ങള്‍ക്കും, കര്‍ഷക സമരങ്ങള്‍ക്കും എതിരായ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ വിദഗ്ത സമിതി രൂപികരിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദഗ്ത സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചാല്‍ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചില്ല എങ്കില്‍ സ്റ്റേ ചെയ്യും എന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇന്ന് കോടതിയില്‍ വാദം നടന്നാല്‍ നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതില്‍ ഉള്ള എതിര്‍പ്പ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കും.

Content Highlights: Supreme Court may pass an interim order halting the implementation of Farm laws