Photo: PTI
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഓരോ മേഖലകളുടെയും പ്രത്യേകത കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കിയത്. ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി.
സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ വേണ്ട എന്ന നിലപാട് കേരളം സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല. എന്നാല്‍ ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേരളം വാദിച്ചു. വനത്തിലുള്ളില്‍ താമസിക്കുന്ന ആദിവാസികളുടെ താത്പര്യം സംരക്ഷിക്കണം. അതിനാല്‍ അന്തിമ, കരട് വിജ്ഞാപനങ്ങള്‍ക്ക് ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പുനരധിവസിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സ്‌കീം മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ പ്രായപൂര്‍ത്തിയായ അഞ്ചോളം പേരുള്ള കുടുംബങ്ങള്‍ക്ക് ഒരു കോടിയോളം രൂപ നഷ്ടപപരിഹാരം ലഭിച്ചിട്ടുണ്ടെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി ആര്‍ ഗവായ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭൂപരിഷകരണ നിയമം നടപ്പാക്കിയിട്ടുള്ള കേരളത്തില്‍ സ്ഥല പരിമിതി കാരണം പുനരധിവാസം പ്രയോഗികമെല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി 2022 ജൂണ്‍ മൂന്നിന് പുറപ്പടിവിച്ചത്. ഈ കേസ് പരിഗണിച്ചിരുന്ന കാലത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി മാത്രം ബന്ധപ്പെട്ട വിഷയം എന്ന് കരുതിയാണ് കേരളം ഹാജരാകാതിരുന്നതെന്ന് ജയ്ദീപ് ഗുപ്ത വ്യക്തമാക്കി.
ബഫര്‍ സോണ്‍ വേണ്ടെന്ന് കര്‍ഷക സംഘടനയായ കിഫ
ബഫര്‍ സോണില്‍ ചട്ട പ്രകാരം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പോലും ജനജീവിതത്തെ ബാധിക്കുമെന്ന് കര്‍ഷക സംഘടനയായ കിഫ. ഈ മേഖലയില്‍ പെടുന്നവര്‍ക്ക് ബാങ്ക് വായ്പ ഉള്‍പ്പടെ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ ബഫര്‍ സോണ്‍ വേണ്ടെന്ന് കിഫയുടെ ഭാരവാഹിയായ ഷെല്ലി ജോസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം കെ എസ് മേനോന്‍, ഉഷ നന്ദിനി എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് കോടതി പൂര്‍ണ്ണമായും യോജിച്ചില്ല.
ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി കൊണ്ട് വന്നില്ലെങ്കില്‍ കേരള ഹൈക്കോടതി തന്നെ പ്രതിസന്ധിയിലാകുമെന്ന് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവേമെന്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു വാദിച്ചു. ബഫര്‍ സോണില്‍ കാര്‍ഷികവൃത്തിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എഡ്യൂക്കേഷന്‍, സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആവശ്യപ്പെട്ടു.
Content Highlights: supreme court may allow a zone wise buffer zone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..