ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.

നിലപാട് വ്യക്തമാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ഉടന്‍ തീരുമാനം എടുക്കണമെന്നും വനിതാ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് നല്‍കാവുന്ന ശിക്ഷയാണിതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. 

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഓരോ 30 മിനിട്ടിലും ഒരു കുട്ടി പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചു. 

കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ വികസന മന്ത്രാലയം എന്നിവരെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയും അഭിപ്രയപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ശിക്ഷാ രീതികള്‍ നടപ്പിലാക്കുന്ന കാര്യം ആലോചിക്കണമെന്നായിരുന്നു ജസ്റ്റിസ് എന്‍. കൃപാകരന്റെ നിര്‍ദേശം.

ഷണ്ഡരാക്കണമെന്ന നിര്‍ദേശം പ്രാകൃതമെന്ന് തോന്നാമെങ്കിലും കടുത്ത ശിക്ഷാ നടപടികള്‍ ആവശ്യമാണ്. ഇത്തരം കാടത്തരം കാണിക്കുന്നവര്‍ക്ക് മറ്റു ശിക്ഷകള്‍ മതിയാകില്ല.

കുട്ടികളോടുള്ള ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ വിദേശ പൗരന്റെ കേസ് പരിഗണിക്കുമ്പോഴായിരുന്നു അഭിപ്രായം