ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി ജസ്റ്റിസുമാര്‍ പത്രസമ്മേളനം നടത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ചെലമേശ്വറിനൊപ്പം, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവരാണ്  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. അവിടെയുള്ള പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും കേന്ദ്രം ഇടപെടില്ലെന്നുമാണ് കേന്ദ്ര നിയമ മന്ത്രി പി.പി ചൗധരി വ്യക്തമാക്കിയത്. 

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയത്. 

സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്ഗോപാല്‍ ഹരികിഷന്‍ ലോയ 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മരണത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വര്‍ അടക്കമുള്ള നാല് ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജസ്റ്റിസുമാര്‍ സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കത്ത് ഇന്ന്  മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തു.

കേസുകള്‍ നല്‍കുന്നതില്‍ ശരിയായ നടപടിയല്ല ഉണ്ടാകുന്നതെന്ന കാര്യം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് വിടുന്നു. കൊളീജയത്തിന്റെ മെമ്മോറാന്‍ഡം ഓഫ് പ്രൊസീജിയവുമായി ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കോടതി കൈക്കൊള്ളണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയിലെത്തിയ ഹര്‍ജി തികച്ചും അപ്രധാനമായ ബെഞ്ചിനു നല്‍കിയതിനെതിരെയും കത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. 

കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ടതാണ് കൊളീജിയം.

സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടു പേരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജസ്റ്റിസുമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.

നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ജസ്റ്റിസുമാര്‍ തമ്മിലുള്ള ശീതസമരം വാര്‍ത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകര്‍തന്നെ വലിയ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജിയും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ  ഉത്തരവു റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി മറ്റൊരു ബഞ്ചിനു വിടുകയും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേയ്‌ക്കെത്തിയിരിക്കുന്നത്.