സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും അമ്പത്തിയാറ് വയസില്‍ വിരമിക്കുമെന്ന് കേട്ട് ആശ്ചര്യപ്പെട്ട് സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗി. മറ്റൊരു സംസ്ഥാനത്തും 56 വയസില്‍ വിരമിക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് അജയ് റസ്തോഗി അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ പ്രൊഫെസ്സര്‍ / അസ്സോസിയേറ്റ് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അജയ് റസ്തോഗിയുടെ നിരീക്ഷണം. ബോണി നടേശനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് ആണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും അമ്പത്തിയാറ് വയസ്സില്‍ വിരമിക്കുമെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അജയ് റസ്തോഗിയെ ആശ്ചര്യപ്പെടുത്തിയത്.
മുമ്പ് ഇരുപത്തി മൂന്നാമത്തെ വയസില്‍ വിവാഹം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായമെന്ന് ജസ്റ്റിസ് റസ്തോഗി ചൂണ്ടിക്കാട്ടി. കുട്ടികള്‍ കോളേജിലെത്തുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യം ഉണ്ടാകും. കുട്ടികളുടെ പഠനം ഉള്‍പ്പടെയുള്ള കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് റസ്തോഗി അഭിപ്രായപ്പെട്ടു.
എന്നാല്‍, ഓരോ വര്‍ഷവും നിരവധി ചെറുപ്പക്കാരാണ് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് തൊഴിലന്വേഷകരായി എത്തുന്നതെന്ന് കോടതിയില്‍ ഉണ്ടായിരുന്ന സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി ചൂണ്ടിക്കാട്ടി. വിരമിക്കല്‍പ്രായം ഉയര്‍ത്തിയാല്‍ അവരുടെ തൊഴില്‍സാധ്യതകള്‍ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുരണ്ടും സന്തുലിതമായി സര്‍ക്കാര്‍ കൊണ്ടുപോകണമെന്ന് ജസ്റ്റിസ് റസ്തോഗി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടണമെന്ന നിര്‍ദേശം വരുമ്പോഴൊക്കെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ അതിനെതിരെ പ്രതിഷേധമായി രംഗത്തെത്തുമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി. ടി. രവികുമാര്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍പ്രായം കൂട്ടണമെന്ന വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് നയപരമായ തീരുമാനമാണെന്നും അതില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷും കോടതിയില്‍ ചൂണ്ടിക്കാട്ടി. ബോണി നടേശ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
Content Highlights: Supreme Court judge was surprised to hear that the pension age in Kerala is 56
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..