ന്യൂഡല്‍ഹി: പല ദാമ്പത്യബന്ധങ്ങളും മോചനത്തിന്റെ വക്കിലെത്തുക കോടതിയിലാണല്ലോ. അപൂര്‍വമായി ട്വിസ്റ്റുകളുണ്ടാകാറുണ്ട്.

സുപ്രീംകോടതി കഴിഞ്ഞ ബുധനാഴ്ച സാക്ഷ്യം വഹിച്ചത് 21 വര്‍ഷമായി വേർപെട്ട് നിന്നിരുന്ന ദമ്പതിമാരുടെ കൂടിച്ചേരലാണ്. ആന്ധ്രാപ്രദശിലെ ഗുണ്ടൂരില്‍ നിന്നുള്ള ദമ്പതിമാരാണ് രണ്ടു മനസ്സുമായി എത്തി ഒരു മനവുമായി തിരിച്ചു പോയത്. 

ഇതിന് കാരണമായതോ ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കോടതിയുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് വശമില്ലാതിരുന്ന ഭാര്യയ്ക്ക് തെലുങ്കില്‍ കാര്യങ്ങള്‍ പറയാനുള്ള അനുമതിയും അദ്ദേഹം നല്‍കി. ഭര്‍ത്താവിനോട് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണിത്

ഭര്‍ത്താവ് ജയിലില്‍ പോകുകയാണെങ്കില്‍ ജോലി പോവും, ശമ്പളമില്ലാതെ എങ്ങനെ ജീവിക്കാനുള്ള പണം നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. സി.ജി.ഐയുടെ ഉപദേശം കേട്ട ഭാര്യ ഭര്‍ത്താവിനൊപ്പം ജീവിക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ തന്റെ കുടുംബത്തെ നന്നായി നോക്കുകയാണെങ്കില്‍ മാത്രമേ ഇതിന് സമ്മതിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. 

തുടര്‍ന്ന് ഭാര്യ നല്‍കിയ വിവാഹമോചന പരാതിയും പിന്‍വലിച്ചു. ഭര്‍ത്താവും ഭാര്യയോടൊപ്പം താമസിക്കാന്‍ സമ്മതിക്കുകയും വിവാഹമോചന പരാതി പിന്‍വലിക്കുകയും ചെയ്തു.

ഇരുവരുടെയും വിവാഹം 1998-ലായിരുന്നു. പതിയെ ദാമ്പത്യജീവിവതത്തില്‍ കല്ലുകടികള്‍ തുടങ്ങിയപ്പോളാണ് സ്ത്രീധനപീഡനം ആരോപിച്ച് യുവതി ഭര്‍ത്താവിനെതിരെ 2001-ല്‍ ക്രിമിനല്‍ കേസ് നല്‍കിയത്. 

ഭര്‍ത്താവിന് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കി. ശിക്ഷ കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഭാര്യ ഹർജി നൽകിയത്. 

Content Highlights: supreme court joins couples who fighted eachother 21 years