അമീറുൾ ഇസ്ലാം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുള്‍ ഇസ്ലാം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേരളത്തിനും, അസമിനും ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഇരു സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിർദേശിച്ചു.
അമീറുള്‍ ഇസ്ലാമിനെ നിലവിലെ ജയിൽചട്ടപ്രകാരം അസമിലേക്ക് മാറ്റാൻ ആകില്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2014-ലെ ജയിൽ ചട്ടങ്ങൾ കൂടി ചോദ്യം ചെയ്തുള്ള രേഖകൾ അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയിൽ കൈമാറിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് രണ്ട് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചത്.
2014-ലെ ജയിൽചട്ടത്തിലെ 587-ആം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാൻ ആകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വധശിക്ഷയ്ക്ക് എതിരായ അപ്പീൽ കോടതിയുടെ പരിഗണനയിൽ ആണെങ്കിൽ അവരേയും മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമാണിതെന്നും അമീറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ കെ. പരമേശ്വര്‍, ശ്രീറാം പറക്കാട്, സതീഷ് മോഹനന് എന്നിവരാണ് അമീറുള്‍ ഇസ്ലാമിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
Content Highlights: Supreme Court, Issues Notice, Kerala And Assam, Jisha Murder Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..