കർഷക സമരത്തിൽ നിന്ന് |ഫോട്ടോ:AFP
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ താത്കാലികമായി മരവിപ്പിക്കുമെന്ന് സൂചന നല്‍കി സുപ്രീം കോടതി. നിങ്ങള്‍ നിയമങ്ങള്‍ മരവിപ്പിക്കുക, അല്ലെങ്കില്‍ തങ്ങള്‍ക്കത് ചെയ്യേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറ്റോര്‍ണി ജനറലിനോട് പറഞ്ഞു. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വാദം കേട്ടുകൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്. നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നത് സംബന്ധിച്ച് കോടതി ഉടന്‍ ഉത്തരവിറക്കിയേക്കും. വാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
സമരത്തെ നേരിട്ട സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള രക്തച്ചൊരിച്ചിലുണ്ടായാല്‍ ആരാകും ഉത്തരവാദിയെന്ന് ചീഫ് ജസ്റ്റ്‌സ് ചോദിച്ചു. പ്രതിഷേധം നടത്തുന്ന കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കണമെന്ന് കര്‍ഷകര്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ചര്‍ച്ചകള്‍ നടത്തുന്നതിനും പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിനും ഒരു സമിതിയെ നിയോഗിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിയമം മരവിപ്പിക്കണമെന്ന കോടതി നിര്‍ദേശത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. ചര്‍ച്ചകള്‍ക്കായുള്ള സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേര് നിര്‍ദേശിക്കാന്‍ ഒരു ദിവസം സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയെ വിദഗദ്ധ സമതി അംഗമായി കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ നിര്‍ദേശിച്ചു.
'പ്രശ്നത്തിന് അനുയോജ്യമായ പരിഹാരം ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അവസാനമായി നിങ്ങളോട് ചോദിച്ചത്, എന്തുകൊണ്ടാണ് നിങ്ങള്‍ നിയമങ്ങള്‍ മരവിപ്പിക്കാത്തത്? പകരം, നിങ്ങള്‍ സമയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തബോധമുണ്ടെങ്കില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തടയുമെന്ന് പറയുകയാണ് വേണ്ടത്. തീരുമാനങ്ങള്‍ക്കായി ഞങ്ങള്‍ കമ്മിറ്റി രൂപീകരിക്കും. എന്തുവിലകൊടുത്തും നിയമങ്ങള്‍ നടപ്പാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഈ അവസാനഘട്ടത്തിലും ഞങ്ങള്‍ നിങ്ങളോട് ചോദിച്ചു. പക്ഷേ, നിങ്ങള്‍ മറുപടി നല്‍കിയിട്ടില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. തണുപ്പില്‍ കഷ്ടപ്പെടുന്നു.' അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റ്‌സ് പറഞ്ഞു.
തിടുക്കത്തില്‍ കോടതി ഇന്ന് ഒരു ഉത്തരവും ഇറക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കിയപ്പോള്‍ ചീഫ് ജസ്റ്റിസ് വീണ്ടും ഇടപ്പെട്ടു. 'ഞങ്ങള്‍ നിങ്ങള്‍ക്കൊരു നീണ്ട സമയം തന്നു. തിടുക്കത്തെ കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കരുത്. എപ്പോള്‍ ഉത്തരവിറക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇന്നും നാളെയുമായി ഉത്തരവുണ്ടാകും.' ബോബ്‌ഡെ പറഞ്ഞു.
വാദങ്ങള്‍ അവസാനിച്ചപ്പോള്‍ കോടതിയുടെ നിരിക്ഷണങ്ങള്‍ പരുക്കന്‍ ഭാഷയിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 'എന്തുകൊണ്ട് പരുക്കന്‍? ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സാധ്യമായ ഏറ്റവും നിരുപദ്രവകരമായ നിരീക്ഷണമായിരുന്നു ഇത്.' ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
Content Highlights: Supreme Court Hints At Stay On Implementation Of Farm Laws And Formation Of Committee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..